Sunday, November 16, 2008

ഇന്നലെ രാത്രി..............

ഇന്നലെ രാത്രി, പണ്ടേ മറന്നു പോയ നിന്റെയോര്‍മ എന്നിലേക്കു വന്നു
എല്ലാവരും മറന്നുപോയ വന്യതയിലേക്ക്‌ കള്ളച്ചുവടുകളോടെ എത്തേണ്ടുന്ന വസന്തത്തെപ്പോലെ
കത്തുന്ന മരുഭൂമികള്‍ക്കു മീതേ മധുരഗന്ധവുമായിയെത്തുന്ന കുഞ്ഞുകാറ്റിനെപ്പോലെ
എങ്കില്‍, ഈ ഭഗ്നഹൃദയത്തെ ഒറ്റയടിക്ക്‌ തണുപ്പിച്ചുകൊണ്ട്‌.


ഫൈസിന്റെ ഒരു കവിതയുടെ മലയാളാവിഷ്കാരം

Wednesday, November 5, 2008

ഇന്ത്യയിലും ഒരു ഒബാമയുണ്ടാകുമോ

ബരാക്‌ ഹുസ്സൈന്‍ ഒബാമയുടെ വിജയം പ്രതിസന്ധികളില്‍ സമൂഹത്തിന്റെ മനസ്സ്‌ വര്‍ണത്തിന്റെയും പാരമ്പര്യത്തിന്റെയും അതിര്‍വരമ്പുകളെ ലംഘിച്ച്‌ വലുതാകും എന്നതിനെയാണോ കാണിക്കുന്നത്‌ ?

കറുപ്പന്‍, മുസ്ലിം പാശ്ചാത്തലം, കെനിയന്‍ രക്തം, ഇന്തൊനേഷ്യന്‍ ബാല്യം എന്നിങ്ങനെ ഒരുകൂട്ടം സാമാന്യേന ഏതുരാജ്യത്തും ന്യൂനതകളായ്‌ കരുതുന്ന ലേബലുകളെ സമര്‍ത്ഥമായ്‌ അതിജീവിച്ചുകൊണ്ട്‌, ഒബാമ ഒരു വ്യക്തിയുടെ കഴിവിനു നേടാവുന്നതിനു സീമകളില്ലെന്ന് നമ്മെ കാണിച്ചു തരുന്നു.

അമേരിക്കയുടെ വിജയമാണിത്‌.
ജനാധിപത്യത്തിന്റെയും.

ഒരു ഇന്ത്യന്‍ ഒബാമക്കായ്‌ നമുക്ക്‌ ആശിക്കാമോ.

Saturday, March 1, 2008

എകാന്തതയും ശൂന്യതയും

'വെടിപ്പും നന്നെ വെട്ടവുമുള്ള ഒരിടം' A clean Well lighted place എന്ന ഹെമിങ്ങ്‌വേയുടെ ഏറ്റവും സുന്ദരമായ കഥ വീണ്ടും വായിച്ചു. രാമചന്ദ്രന്റെ കവിതകളേ കുറിച്ചോര്‍ക്കാന്‍ ഹെമിങ്ങ്‌വേയുടെ ഈ കഥ മതി. 'വെള്ളെഴുത്തി'ന്റെ പുതിയ പോസ്റ്റില്‍ രാമചന്ദ്രന്റെ കവിത ചേര്‍ത്തിരിക്കുന്നു.

ഒരു പക്ഷേ ഹെമിങ്ങ്‌വേ രണ്ടു നല്ല കൃതികളേ എഴുതിയിട്ടുള്ളൂ. A clean Well lighted place -ഉം Snows of Kilimanjaro -ഉം.

പ്രണയം പണയവുമാണോ?

പ്രണയവും പണയവും തമ്മില്‍ എന്തു ബന്ധം?

Saturday, November 24, 2007

എനിക്കു ശേഷം പ്രളയം

താനില്ലാതേയും ലോകം ഒരു കുഴപ്പവുമില്ലാതെ മുന്നൊട്ടു പോകും എന്ന ഭയമാണ്‌ യുവത്വം കഴിഞ്ഞ ഒരോ മനുഷ്യനെയും ഭരിക്കുന്നത്‌. (എം. എന്‍. വിജയന്‍)

ഒരു പക്ഷെ നമ്മുടെ മുന്‍-നിര നേതാക്കള്‍ ഈയൊരു ഭയത്തിന്റെ പിടിയിലാണ്‌. നേതാക്കള്‍ മാത്രമല്ല പ്രത്യയശാസ്ത്രങ്ങളും.

തനിക്കു ശേഷം പ്രളയം പോയിട്ട്‌ ഒരു കുഞ്ഞു ചാറ്റല്‍ മഴ പോലുമുണ്ടാവുകയില്ലെന്ന ഉറപ്പ്‌ അവര്‍ക്ക്‌ താങ്ങാവുന്നതിലധികമാണ്‌.

Friday, November 23, 2007

സുധാകരനു തുല്യന്‍ സുധാകരന്‍ മാത്രം

ജനാധിപത്യ കേരളത്തിനു കിട്ടിയ നിധിയാണ്‌ മന്ത്രി സുധാകരന്‍. ദേവസ്വം മന്ത്രിയാകാന്‍ ജന്മമെടുത്ത അദ്ദേഹം സ്വാമി അയ്യപ്പനെപ്പൊലെ പലവിധ പ്രതിബന്ധങ്ങളെ പുല്ലു പൊലെ തരണം ചെയ്ത്‌ മലമുകളിലെത്തി പ്രജാരക്ഷാര്‍ത്ഥം വാണരുളുന്ന കാലത്ത്‌ ജീവിക്കാന്‍ സാധിച്ചതില്‍ ഓരൊ കേരളീയനും പുളകം കൊള്ളേണ്ടതാണ്‌. വാണീ ദേവിയുടെ വരപ്രസാദം വേണ്ടുവോളം കിട്ടിയ അദ്ദേഹത്തിനെ 'ഒതുക്കാന്‍' ദേവാസുരന്മാര്‍ ഒന്നിച്ചു ശ്രമിച്ചിട്ടും ദിനം-പ്രതി പരാജയപ്പെടുന്നു. നമ്മുടൊയൊക്കെ പ്രാര്‍ത്ഥനയുടെ ശക്തി അദ്ദേഹത്തിന്‌ എപ്പോഴും ഉണ്ടായിരിക്കട്ടെ.

Thursday, November 22, 2007

ആരോഗ്യത്തിനും ജീവനും നാമെന്തു വില കൊടുക്കാന്‍ തയ്യാരാണ്‌?

കേരളത്തിലെ ഒരു ജൂനിയര്‍ ഡോക്ടര്‍ക്ക്‌ ഒരു ഹൈ സ്കൂള്‍ അധ്യാപികക്ക്‌ കിട്ടുന്ന ശമ്പളം കിട്ടുന്നില്ലെന്ന്‌ സര്‍ക്കാര്‍ സമ്മതിക്കുന്നു. ആയുര്‍വേദം, സിദ്ധന്‍ വൈദ്യന്മാര്‍ക്കും ഇതേ ശമ്പളം. സെക്രട്ടറിയെറ്റിലെ ഒരു UD clerk -ന്റെ ശമ്പളവും ഇതു തന്നെയാണത്രെ.

ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തെ പറ്റി, കേരളം ഇതുവരെ കാര്യമായിട്ടെടുത്തിട്ടില്ല. ഈ വിദ്വാന്മാര്‍ ജോലി ചെയ്തുകൊണ്ടാണത്രെ സമരം ചെയ്യുന്നത്‌. ആസ്പത്രിയില്‍ വരുന്ന നൂറു മുതല്‍ മുന്നൂറു വരെ വരുന്ന രോഗികളെ നോക്കി, വാര്‍ഡുകളില്‍ കിടക്കുന്ന രോഗികളെ നോക്കിയൊക്കെയാണത്രേ സംഭവം നടത്തുന്നത്‌. ഇതെന്തു തരം സമരമാണെന്നു മനസ്സിലായില്ല. ഇങ്ങിനെ ഇവര്‍ പത്തു വര്‍ഷം സമരം ചെയ്താലും ആരും തിരിഞ്ഞു നോക്കാന്‍ പോണില്ല.

ഒരു പക്ഷെ, സമൂഹത്തിന്റെ ഏറ്റവും താഴെക്കിടയിലുള്ള ഗതികിട്ടാപ്രേതങ്ങളാണത്രെ സര്‍ക്കര്‍ ആശുപത്രികളില്‍ ചെല്ലുന്നത്‌. നമ്മുടെ മിഡില്‍ക്ലാസ്സിനെ ഈ സമരം ഒട്ടും ബാധിക്കാന്‍ സാധ്യതയില്ല. ഓരു രാഷ്ട്രീയക്കാര്യനും അടിപിടിക്കേസില്ലാതെ ഇവിടെ പോകാറില്ല.

കേരളത്തില്‍ ഒരു സമരം ജയിക്കണമെങ്കില്‍ അതു മിഡില്‍/ഹൈ ക്ലാസ്സുകാരെ ബാധിക്കണം.

ഇനിയുള്ള നല്ല ഡോക്ടര്‍മാര്‍ പിരിഞ്ഞു പോയാലെന്ത്‌?. പുതിയ വിദ്വാന്മര്‍ ജോയിന്‍ ചെയ്തില്ലെങ്കിലെന്ത്‌. ആര്‍ക്ക്‌ നഷ്ടം ?